ഒരിക്കൽ, തെനാലി ഗ്രാമം വരൾച്ചകൊണ്ട് വല്ലാതെ വലഞ്ഞു. അപ്പോഴാണ് ആ ഗ്രാമത്തിലേക്ക് അന്യദേശത്തുനിന്ന് ഒരു സന്യാസി വന്നു ചേർന്നത്. അദ്ദേഹം അവിടെ കാലു കുത്തിയ പാടേ തെനാലിയിൽ മഴ പെയ്യാൻ തുടങ്ങി. ആളുകൾ സന്തോഷത്താൽ തുള്ളിച്ചാടി. "അങ്ങ് ഇവിടെ വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അല്ലെങ്കിൽ ഇവിടം മരുഭൂമി പോലെ നശിക്കുമായിരുന്നു!" ഇതു കേട്ടുകൊണ്ടാണ് തെനാലിരാമൻ അങ്ങോട്ടു വന്നത്. "ഈ സന്യാസി ഇവിടെ വന്നില്ലെങ്കിലും ഇതേ സമയത്ത് മഴ പെയ്യുമായിരുന്നു"
തെനാലിയുടെ അഭിപ്രായം കേട്ട് ആളുകൾ ക്ഷുഭിതരായി.
സന്യാസിയെങ്ങാനും ശപിച്ചാൽ? തങ്ങളുടെ ഗ്രാമം മുഴുവനും നശിക്കുമെന്ന് അവർ ഭയപ്പെട്ടു. അന്നേരം, സന്യാസി അവനെ അടുത്തേക്ക് വിളിച്ചു. അല്പനേരം രാമനുമായി സംസാരിച്ചപ്പോൾത്തന്നെ അവന്റെ വിശാലമായ ചിന്താഗതിയും അറിവും അദ്ദേഹത്തിനു വ്യക്തമായി. അങ്ങനെ രാമനിൽ മതിപ്പു തോന്നിയ അദ്ദേഹം പറഞ്ഞു:
"നിനക്കു ഞാൻ ചില ഉപദേശങ്ങൾ തരാം. കാളിമന്ത്രവും പഠിപ്പിക്കാം. അതുമൂലം നീ കേമനാകും"
പിന്നീട്, സന്യാസിയിൽനിന്നും കാളിമന്ത്രം പഠിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു:
"നീ ഇവിടെയുള്ള കാളിക്ഷേത്രത്തിൽ ഇന്ന് അർധരാത്രിയിൽ ചെന്ന് തുടർച്ചയായി മന്ത്രം ജപിക്കുക. ദേവിയുടെ അനുഗ്രഹം നിനക്കു ലഭിക്കും"
അനന്തരം, സന്യാസി അവിടെ നിന്നും യാത്രയായി.
അന്ന് അർദ്ധ രാത്രിയിൽ രാമൻ കാളിക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അമ്പലത്തിനുള്ളിൽ കടന്ന്, മന:പാഠമാക്കിയ കാളിമന്ത്രം ജപിക്കാൻ തുടങ്ങി. താമസിയാതെ രാമൻ ഉറക്കമായി. മഹാകാളി ഉഗ്രരൂപത്തിൽ, ആയിരം തലകളും മുഖങ്ങളും അനേകം പല്ലുകളുമായി നീണ്ട മുടിയോടും കൂടി പ്രത്യക്ഷപ്പെട്ടു. രാമൻ നോക്കിയപ്പോൾ കൈകൾ രണ്ടുമാത്രം. എന്തോ ഓർത്തിട്ടെന്നപോലെ രാമൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“നീ എന്താണ് ചിരിക്കുന്നത്?”
“ഞാൻ ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാണ്. എനിക്ക് മൂക്കൊലിപ്പ് വരുമ്പോൾ തുടച്ചുതുടച്ച് എന്റെ കൈകൾ മടുത്തുപോകാറുണ്ട്. അങ്ങനെയെങ്കിൽ, ആയിരം മൂക്കുള്ള ഭഗവതിക്ക് മൂക്കൊലിപ്പ് വന്നാലോ? ആ രണ്ടു കയ്യും വച്ചുകൊണ്ട് ആയിരം മൂക്ക് എന്തു ചെയ്യും?
രാമന്റെ വർത്തമാനം കേട്ടിട്ട് ഭഗവതിക്കും ചിരി വന്നു.
രാമനിൽ സംപ്രീതയായി രണ്ട് സ്വർണക്കിണ്ണങ്ങൾ അവനു നേരെ നീട്ടിയിട്ടു പറഞ്ഞു:
“വലത് കിണ്ണത്തിലെ പാൽ കുടിച്ചാൽ നീ വളരെ അറിവുള്ളവനാകും. ഇടതുകിണ്ണത്തിലെ പാലിന് പുളിരസമുണ്ട്. അത് കുടിച്ചാൽ നിനക്ക് ധനവാനാകാം"
“അടിയനൊരു സംശയം, ധനം പുളിക്കുമെന്നു പഴമക്കാര് പറയുന്നത് എന്തുകൊണ്ടാണ് ഭഗവതി?”
“മിക്കവാറും ധനവും സമ്പാദിക്കുന്ന വഴികൾ മധുരിക്കുന്നവയല്ല. ഇതിൽനിന്ന് ഏതെങ്കിലും ഒരു കിണ്ണം മാത്രം നീ എടുത്തുകൊള്ളൂ"
“എനിക്ക് രണ്ടു കിണ്ണത്തിലെയും പാലിന്റെ രുചി അറിയണം"
“എങ്കിൽ, ഇതാ രണ്ടു കിണ്ണവും. ഇതിൽ വിരൽ തൊട്ട് നാവിൽ വച്ചു നോക്കൂ"
രണ്ടും വാങ്ങിയ രാമൻ, പെട്ടെന്ന് മുഴുവൻ പാലും അകത്താക്കി!
കാളി ദേഷ്യപ്പെട്ടു. അപ്പോൾ രാമൻ പറഞ്ഞു:
"അടിയനു ധനവും അറിവും ഒരുപോലെ വേണം. എന്നോടു ക്ഷമിച്ചാലും"
“എന്നെ ധിക്കരിച്ച നീ ഒരു വികടകവി ആയിത്തീരട്ടെ"
“ഭഗവതി, അടിയനു മാപ്പു തരണം. എനിക്ക്... വികടകവിയല്ല, കവിതന്നെ ആകണം"
രാമൻ കരയാൻ തുടങ്ങി. മനസ്സലിഞ്ഞ മഹാകാളി പറഞ്ഞു:
“നീ ഒരേ സമയം കവിയും വികടകവിയുമാകും. എന്നാൽ, ഒരു വിദൂഷകൻ എന്ന നിലയിൽ നീ പ്രശസ്തനാകും"
അനുഗ്രഹിച്ച ശേഷം, ഭഗവതി അപ്രത്യക്ഷയായി.