മഹാമൃത്യുംജയ മന്ത്രം


  മനുഷ്യ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഏറ്റവും വലിയ ദുരന്തമാണ്  രോഗബാധ. രോഗം സ്ഥിരീകരിക്കുന്നതോടെ നാം മാനസികമായും ശാരീരികമായും തളർന്നു പോവുക സാധാരണമാണ്.

ഈയവസരത്തിൽ നമ്മുടെ മനോവിഷമങ്ങളെയും ഭീതിയെയും ആത്മീയ ചിന്തകളിലൂടെ  പരിഹരിക്കാൻ സാധിക്കും. ഇതൊരു വിശ്വാസം മാത്രം അല്ല.100% സത്യവും ആണ്.അതുകൊണ്ടാണ് ഈശ്വരനിൽ വിശ്വസിക്കുന്നവർ തീർച്ചയായും ഈ  മൃത്യുംജയമന്ത്രവും  മൃത്യുംജയ സ്തോത്രവും പതിവായി ജപിക്കണം എന്നു പറയുന്നത്.


ശരീരത്തിനോ മനസ്സിനോ  ഒരുപക്ഷെ ആത്മാവിനു തന്നെയോ സംഭവിക്കുന്ന ക്ഷീണമാണ്,  ബലഹീനതയാണ്  ഓരോ തരം രോഗത്തിന്റെയും രൂപത്തിൽ നമ്മിൽ പ്രത്യക്ഷമാവുന്നത്.രോഗപീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ ആണ് പലർക്കും ഈശ്വരന്റെ ഓർമ്മ ഉണ്ടാവുന്നത്. അതുവരെ എല്ലാം മറന്നൊരു ജീവിതം,

അടിച്ചുപൊളിച്ചൊരു ജീവിതം. ഒടുവിൽ മരണക്കിടക്കയിൽ ചെന്നു കിടക്കേണ്ടി വരുമ്പോൾ "ഈ നരകത്തീന്നെന്നെ കരകയട്ടീടണേ.. തിരുവൈക്കം വാഴും ശിവ ശംഭോ" എന്നു നിലവിളിച്ചിട്ട് ഒരു കാര്യവും ഇല്ല. "ഇത്രയും കാലം എവിടെയായിരുന്നെടോ" എന്ന് ഭഗവാൻ ചോദിച്ചാൽ... ഭഗവാൻ ഒരിക്കലും അങ്ങിനെ ചോദിക്കില്ല എങ്കിലും...  ചോദിച്ചാൽ ഉത്തരം മുട്ടും.അതുകൊണ്ടാണ്  രോഗപീഡകൾ പിടിപെടും മുൻപുതന്നെ ഭഗവാന്റെ അനുഗ്രഹം നേടാനുള്ള മാർഗ്ഗങ്ങൾ പലതും ഋഷികൾ നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്.ഈ മന്ത്രങ്ങളും സ്തോത്രങ്ങളും ദിവസം ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി ഭക്തിയോടെ ശ്രദ്ധാപൂർവം ജപിക്കുകയും chollukayum, അതു പറ്റില്ലെങ്കിൽ വല്ലപ്പോഴും ഒരിക്കലെങ്കിലും ജപിക്കുകയും ചൊല്ലുകയും,  അതുമല്ലെങ്കിൽ മാറ്റാരാനും ചൊല്ലുന്നത്  കേൾക്കുകയെങ്കിലും ചെയ്താൽ തന്നെ മരണക്കിടക്കയിൽ..

കിടന്നു നിലവിളിക്കേണ്ടി വരില്ല. മരണത്തെ ആർക്കും (ഈശ്വരനുപോലും)തടയാൻ ആവില്ല. നമുക്ക് വേണ്ടത് രോഗങ്ങൾ വന്നു നരകിച്ചു, വേദന തിന്നു  കിടക്കാതെ സുഖകരമായ ഒരു മരണം ആണ്. അതുകിട്ടുവാൻ ഉള്ള തയ്യാറെടുപ്പാണ് നാം നേരത്തേതന്നെ ചെയ്യേണ്ടത്. നിത്യവും കുളിച്ചു വിളക്കു കൊളുത്തുന്നതിനു തൊട്ടു മുന്നെ ഭസ്മം തൊടുമ്പോൾ "മഹാമൃത്യുംജയ മന്ത്രം" ജപിക്കണം.


 ശിവനെ മൃത്യുഞ്ജയ ഭാവത്തിൽ കണ്ടു വേണം ഈ മന്ത്രം ഭക്തിയോടെ ജപിക്കാൻ.


" ഓം ത്രയമ്പകം യജാമഹേ

    സുഗന്ധിo പുഷ്ടിവർദ്ധനം

    ഉർവാരുകമിവ ബന്ധനാത്

     മൃത്യോർമുക്ഷിയ മാമൃതാത് "


ഒരു കർഷകൻ തന്റെ തോട്ടത്തിലെ പാകമായ വെള്ളരിക്ക വള്ളിയ്ക്കും കായ്ക്കും ക്ഷതം പറ്റാതെ എങ്ങിനെ മുറിച്ചു മാറ്റുന്നുവോ

അതുപോലെ എന്നെ ഒട്ടും വേദനിപ്പിക്കാതെ എന്റെ ജീവനെ ഈ ശരീരത്തിൽ നിന്നും എടുത്തു മാറ്റിത്തരണേ...  ഭഗവാനേ..എന്ന് ഭഗവാൻ മഹാദേവനോടുള്ള ഒരു പ്രാർത്ഥനയാണിത്.

ഈ മന്ത്രം ജപിക്കുന്നത് ഒരു പതിവാക്കുക. ഉറപ്പായും നിങ്ങളുടെ മനസ്സിന് ശാന്തി ലഭിക്കും.